ഉണരാത്തതെന്തിനിയുമുഷസ്സുണ്‍മയുയിരാര്‍ന്ന ദലമായ് വിടര്‍ന്നു നിന്നിട്ടും,
ഊഷര വിലാപ കൊടും ചൂടില്‍ നീ സ്വത്വ ശൂന്യനായ് വീണലിഞ്ഞിട്ടും,
മൌന മണ്‍ വീണകളില്‍ നാദാര്‍ദ്ര തന്ത്രികള്‍ പണ്ടെ തുരുമ്പെടുത്തിട്ടും,
ഉയരാത്തതെന്തിനിയുമൂര്‍ജമുള്‍ക്കൊണ്ടു നീ സത്യത്തിന്‍ വെണ്ണീറില്‍ നിന്നും?
മണ്ണിന്‍ നിറം ചേര്‍ന്ന കാവിയും, വെണ്‍മേഘ ശുഭ്രമാം നേരിന്‍ വെളുപ്പും,
മന്വന്തരങ്ങളില്‍ സസ്യജാലം ഹരിതരുധിരം നിറച്ച പച്ചപ്പും,
പങ്കിട്ടെടുത്തു മതങ്ങള്‍, നിനക്കായി ശേഷിച്ചതീ രാക്കറുപ്പോ?
നഷ്ടസ്വപ്നങ്ങള്‍ തന്‍ നിഴല്‍ വീണ വഴികളില്‍ നിറലോഭജന്‍മങ്ങള്‍ മാത്രം.
അസത്യമഗാധപ്രളയമലരികള്‍ തീര്‍ക്കുമാന്ദോളനങ്ങള്‍ക്കു മീതെ,
അജ്ഞതകള്‍ അടവെച്ചു വിരിയിച്ചതാണീ ആത്മാവുറങ്ങും മതങ്ങള്‍.
കാമകാപട്യ കസേരകളില്‍ വാഴും സ്വയാഭിഷിക്ത ദിവ്യത്വം,
കാലുഷ്യ രേണുക്കള്‍ നേദിച്ചുണര്‍ത്തിയ മൂക മുഖങ്ങള്‍ ദൈവങ്ങള്‍.
പാലാഴിയില്‍ വിഷനാഗ വിരിപ്പിന്‍മേല്‍ നിദ്ര കൊള്ളുന്നൊരു ദേവന്‍,
പാപങ്ങള്‍ പേറി മരക്കുരിശിന്‍മേല്‍ മരിക്കുന്നിതൊരു ദേവ രൂപം.
നീലനഭസിന്‍ ശൂന്യ മേലാപ്പിനപ്പുറം മായാ മയം ദേവലോകം,
നീര്‍ക്കുമിളവിടരും കുതൂഹലം മാത്രമീ പാഴ് മര്‍ത്യജന്‍മങ്ങള്‍ മണ്ണില്‍.
പൊള്ളിയടരുന്നുള്ളിലാര്‍ദ്രകണമിറ്റിച്ചു ശോകം ശമിപ്പിച്ചു നല്‍കാന്‍,
തപ്ത നിശ്വാസ കൊടുംചൂടില്‍ വേവുന്ന കണ്ണീരരുവികള്‍ മാത്രം.
ശാപശിലകളെ കാല്‍തൊട്ടുണര്‍ത്തുവാന്‍ ഇലയൂര്‍ന്ന കാനനചാര്‍ത്തില്‍,
അഗ്നിയുയിരാര്‍ന്നൊരവതാര രൂപമായണയുവാനിനിയാരുമില്ല.
പൈങ്കിളി പാട്ടിലെ ദൈവങ്ങള്‍ പാലരുവി നീന്തിക്കടന്നു മറഞ്ഞു,
സത്വാകാര, ഘോര, നിണാഭിഷിക്തകള്‍ മണ്ണോടു മണ്ണായ് കഴിഞ്ഞു.
പരലോക ഭയമൂതി, ഊതി ഉണര്‍ത്തി നിന്‍ പട്ടിണി പാത്രത്തില്‍ നിന്നും,
പങ്കിട്ടെടുക്കും പുരോഹിതപരിഷകള്‍ മാത്രമവശേഷിപ്പതിനിയും.
വിധിലിഘിതമൊരുവേള മായ്ച്ചെഴുതുവാന്‍ ശക്ത മന്ത്രങ്ങളേതാനുമുണ്ടൊ?
വിശപ്പും, വിലാപവും, വിദ്വേഷവും തീര്‍ക്കും പ്രാര്‍ത്ഥനാഗീതങ്ങളുണ്ടൊ?
പാപപുണ്യങ്ങളാം പകിടക്കരുക്കളെ വീശിയെറിഞ്ഞു രസിക്കും,
നിരാകാര നിശ്ചല ദൈവരൂപങ്ങളെ പണ്ടേ വെറുപ്പാണെനിക്ക്.
ഒട്ടു ദൂരം തിരഞ്ഞു നടന്നു ഞാന്‍ സത്യതിന്‍ സത്തിനെ മണ്ണില്‍.
സാത്വികര്‍ ചിലര്‍ ചൊല്ലി അദ്വൈത സത്യമിതോരോ തുരുമ്പിനുമുള്ളില്‍,
മണി മുഴക്കും പള്ളി മേടകള്‍ മന്ത്രിച്ചു സത്യ ദൈവം തന്നെ നിത്യന്‍,
സത്യാന്വോഷക വിധൂഷക വേഷമിതെന്നേ ഞാനുപേക്ഷിച്ചു.
ആറടി മണ്ണിന്‍ ശവക്കച്ചയാണഭയമന്ത്യത്തില്‍, അറിയേണമെന്നും,
അനുഗമിക്കില്ലാരുമജ്ഞാത വഴികളില്‍, സ്മരണകള്‍ മായുമതിവേഗം.
നിത്യസ്ഫുലിംഗ ശിക്ഷാഗ്നികുണ്ഡങ്ങള്‍ തീര്‍ത്തൊരുവേള നരകമുണ്ടാവാം,
സ്വപ്നസമാനമാം സ്വര്‍ഗസൌഭാഗ്യങ്ങള്‍ നിന്നെ തിരഞ്ഞു വന്നേക്കാം.
ഈ കൊച്ചു ജീവിതം ജപമാല മണിയെണ്ണി തീര്‍ക്കുവാന്‍ വയ്യെനി- ക്കേകാന്ത,
വഴികളില്‍ ഞനെണ്റ്റെ സ്വത്വത്തിനൊപ്പം നടക്കട്ടെ തെല്ലിട.
സടകുടഞ്ഞുണരുന്ന സത്യത്തിന്‍ ശംഖൊലി കേള്‍ക്കുന്നു ഞാനങ്ങു ദൂരേ,
വെണ്‍മ വിടരും ദൂരചക്രവാളങ്ങളില്‍, മാറ്റൊലിയായതുണരുന്നു..
വിഷഫണം ചീറ്റുമീ ദുഖയുഗങ്ങളെ, നേരിടാന്‍ നേരാണു വീര്യം,
അറിവായുധം, നമുക്കടരാടി നേടണമഹന്ത തന്‍ യുദ്ധങ്ങളെല്ലാം.
പുതിയ പ്രതീക്ഷ തന്‍ പൂക്കള്‍ വിടര്‍ത്തുന്ന പുലരികളിലേക്കു നടകൊള്ളാം,
കൈ കോര്‍ത്തു നാമിനി കാവ്യമയ കല്‍പതരു വാടികളിലേക്കു വിട കൊള്ളാം.
Popular Posts
-
ലണ്ടന്‍ നഗരപ്രാന്തത്തിലെ `റെഡ്ബ്രിഡ്ജ്' എന്ന സ്ഥലത്താണ് എന്റെ സുഹൃത്തും സോഫ്റ്റ്വെയര് എഞ്ചിനീയറുമായ പ്രദീപ് താമസിക്കുന്നത്. ...
-
ഒരു ചാനല്‍ അഭിമുഖത്തില്‍ കേരളത്തില്‍ ഏറ്റവും വിലമതിക്കപ്പെടുന്ന സാംസ്കാരിക നായകനോട് ഏതോ പുതിയ ഗ്രന്ഥത്തെക്കുറിച്ച് അഭിമുഖകാരന് ചോദിക്കു...
-
ഹൃദയത്തില്‍ പ്രണയം തുടിക്കുകയാണോ? ഒരു പെണ്‍കുട്ടിയോട് പ്രണയം തോന്നിക്കഴിഞ്ഞാല്‍ അത് തുറന്നുപറയുകയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഒരു ക...
-
സ്നേഹമാണോ പ്രണയം? കൂട്ടുകാരനോട് സ്നേഹമുണ്ട് . അത് പ്രണയമല്ല .പിന്നെ എന്താണ് പ്രണയം ? എന്തായാലും പ്രണയം ദിവ്യമാണ് . പ്രണയം തോന്നുന്നത് എപ്...
-
മഴ വരുന്നതും നോക്കി നിന്നു ഞാന്‍ നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍... കുടയും ചൂടി നാം നട നടന്നുപോയ് കാലഭേദങ്ങള്‍ എത്രയോ... നിന്‍ കരം കവ...
No comments:
Post a Comment