Pages

Popular Posts

Wednesday, October 27, 2010

ഒരു മദ്യപന്‍ ജനിക്കുന്നു.



''വെള്ളിയാഴ്‌ച വൈകിട്ട്‌ വീട്ടിലേക്ക്‌ വരണം. മറന്നു പോകല്ലേ'' അയല്‍ക്കാരന്‍ കൃഷേ്‌ണട്ടന്റെ സ്‌നേഹപൂര്‍വമുള്ള ക്ഷണം. 
''കല്യാണം ഞായറാഴ്‌ചയല്ലേ?'' 
''ഞായറാഴ്‌ച കല്യാണം. ശനി പാര്‍ട്ടി, വെള്ളി മുത്തപ്പന്‍.'' 
''മുത്തപ്പനോ'' അങ്ങനെയും ഒരാഘോഷമുണ്ടോ എന്ന്‌ ചോദിക്കണമെന്ന്‌ കരുതിയതാണ്‌. ആ ചോദ്യം പന്തിയല്ലെന്ന്‌ മനസ്സ്‌ വിലക്കിയതുകൊണ്ട്‌ അതിന്‌ തുനിഞ്ഞില്ല. 
ഒന്നര ദശാബ്ദത്തിലേറെ ഗള്‍ഫില്‍ ജോലിനോക്കി. ഈയിടെ നാട്ടില്‍ തിരിച്ചെത്തിയ അജയന്‌ പലതിലും പുതുമ തോന്നിത്തുടങ്ങിയിരിക്കുന്നു. 
നാട്‌ മാറുന്നു, നാട്ടുകാരും. ഗ്രാമങ്ങള്‍ ചെറുനഗരങ്ങളായി മാറിക്കഴിഞ്ഞു. ഒരൊറ്റ ഓലവീടും ഗ്രാമത്തിലില്ല. ഓടിട്ടവ തന്നെ ചരുക്കം. എല്ലാം കോണ്‍ക്രീറ്റ്‌ മന്ദിരങ്ങളായി മാറിക്കഴിഞ്ഞു. 
-മനുഷ്യരോ? 

മനുഷ്യരിലും പ്രകടമായ മാറ്റങ്ങള്‍ എന്നേ തുടങ്ങിക്കഴിഞ്ഞെന്ന്‌ പഴയ കൂട്ടുകാരന്‍ സജീവനാണ്‌ ഓര്‍മപ്പെടുത്തിയത്‌.
പണ്ട്‌ സ്‌നേഹമുണ്ടായിരുന്നു. മനുഷ്യത്വവും. എല്ലാം മാഞ്ഞുപോയ്‌ക്കൊണ്ടിരിക്കുന്നു. ധനം നേടാനുള്ള വ്യഗ്രതയില്‍ ബന്ധങ്ങള്‍ നിരര്‍ഥകമാകുന്നു. വിവാഹം കച്ചവടവും വിദ്യാലയങ്ങള്‍ കച്ചവടകേന്ദ്രവുമാകുന്നു. മാറ്റങ്ങളുടെ ഭ്രമണപഥത്തില്‍ പാവം മനുഷ്യന്‍ പെട്ടുപോവുകയാണ്‌.
മുത്തപ്പനെക്കുറിച്ചുള്ള ഏകദേശവിവരവും സജീവനില്‍ നിന്ന്‌ കിട്ടി. മുത്തപ്പന്‍ ദൈവത്തിനുള്ള നേര്‍ച്ചതന്നെയാണ്‌ ചടങ്ങ്‌. മദ്യം ഇഷ്‌ടനിവേദ്യം. മുത്തപ്പനുണ്ടെങ്കിലേ എന്തു പരിപാടിക്കും ആളെക്കിട്ടൂ. ഈശ്വരാ ഇവരോട്‌ നന്ദി കാട്ടണേ. രാത്രി ഇരുട്ടിയാണ്‌ കൃഷേ്‌ണട്ടന്റെ വീട്ടിലെത്തിയത്‌. ചുറ്റുവട്ടത്തുള്ളവരെയും ബന്ധുക്കളെയും ക്ഷണിച്ചിട്ടുണ്ട്‌. 

അജയന്‍ പലരോടും പരിചയം പുതുക്കി. ഉമ്മറത്തെ ചടങ്ങുകളിലായി അജയന്റെ ശ്രദ്ധ. നിലത്ത്‌ ചമ്രംപടിഞ്ഞിരുന്ന്‌ കര്‍മങ്ങള്‍ നടത്തുന്ന ചെറുപ്പക്കാരന്‍. പഴയ മന്ത്രവാദി ചാത്തുട്ടിയുടെ മകന്‍ ഉദയനാണ്‌. മുന്നിലായി തെളിഞ്ഞു കത്തുന്ന നിലവിളക്കുകള്‍. ഭസ്‌മം വരച്ച പലകമേല്‍ വെറ്റിലയും പാക്കും, മുത്തപ്പന്‌ നിവേദിച്ച പുഴുങ്ങിയ കടലമണികള്‍, തേങ്ങാപ്പൂള്‍, പപ്പടം. സമീപത്തായി രണ്ടു ഗ്ലാസ്സുകളില്‍ നിറച്ചുവെച്ച കള്ളും നാടന്‍ ചാരായവും.
അന്തരീക്ഷത്തില്‍ ചന്ദനത്തിരി ഗന്ധം, അജയന്‍ ഒരു നിമിഷം കണ്ണടച്ചുനിന്നു. എന്റെ പ്രാര്‍ഥന പരിദേവനങ്ങളാണ്‌. മുത്തപ്പാ. ഈ നാടിന്‌ നന്മ വരുത്തണേ; ഇനി പ്രസാദം എല്ലാവര്‍ക്കും കഴിക്കാന്‍ കൊടുക്വാ. ഉദയന്റെ ശബ്ദം കേട്ടപ്പോള്‍ ചടങ്ങുകള്‍ അവസാനിച്ചെന്നു മനസ്സിലായി. പ്രസാദമായി കിട്ടിയ കടലമണികള്‍ കൊറിച്ചുകൊണ്ട്‌ സമീപത്തെ കസേരയിലിരുന്നു.
''വരിന്‍ മാഷേ, ഇങ്ങോട്ട്‌ വരിന്‍.''
കൃഷേ്‌ണട്ടനാണ്‌.
അയാള്‍ ചൂണ്ടിക്കാണിച്ച ഭാഗത്തേക്ക്‌ അജയന്‍ നടന്നു. രണ്ടു ഗ്ലാസ്സില്‍ ഒഴിച്ചുവെച്ച വിദേശമദ്യം. ആവശ്യക്കാര്‍ക്ക്‌ തരംപോലെ ഒഴിച്ചുകൊടുക്കാന്‍ സഹായികളായ ഒരു പറ്റം യുവാക്കള്‍.
അജയന്‌ കൗതുകം തോന്നി.
കൗമാരക്കാര്‍ മുതല്‍ വൃദ്ധര്‍വരെ ഒരുമയോടെ, കുശലം പറഞ്ഞ്‌ ഗ്ലാസ്സുകള്‍ കാലിയാക്കുന്നു. വീണ്ടും നിറയ്‌ക്കുന്നു.
രാഷ്ട്രീയമില്ല, ജാതിഭേദമില്ല.
''മാഷ്‌ തുടങ്ങിയില്ലേ.''
''ഞാനിത്‌ ഉപയോഗിക്കാറില്ല കൃഷേ്‌ണട്ടാ.
എനിക്ക്‌ ഒരു ഗ്ലാസ്‌ തണുത്ത വെള്ളം മതി.''
''എന്താ മാഷേ ഇത്‌, മുത്തപ്പന്‌ വന്നിട്ട്‌.''
വന്നത്‌ അബദ്ധമായോ?
എങ്ങും പൊട്ടിച്ചിരികള്‍. കൂട്ടംകൂടിയ ഉച്ചത്തിലുള്ള സംസാരം. ഉത്സവമേളം.
''മാഷേ, ഒരൊറ്റ പെഗ്‌.''
തിരിഞ്ഞുനോക്കുമ്പോള്‍ അപരിചിതമുഖം.
''മാഷിന്‌ എന്നെ മനസ്സിലായില്ലേ. മാഷ്‌ എന്നെ പഠിപ്പിച്ചിട്ടുണ്ട്‌. പത്തില്‌ 'വിക്ടറിയ'യില്‍.''
ബിരുദത്തിനുശേഷം ട്യൂട്ടോറിയലുമായി നടന്ന കാലം അജയന്‍ ഓര്‍ത്തുപോയി. നന്ദി.
''ഒന്ന്‌ പിടിപ്പിക്ക്‌ മാഷേ. മുത്തപ്പന്‌ ഇതൊക്കെ രസാ. മുത്തപ്പനില്‍നിന്നാ എന്റെ ഓപ്പണിങ്‌!''
അവന്റെ ആവശ്യം സ്‌നേഹപൂര്‍വം നിരസിച്ചു.
അന്തരീക്ഷം മാറിത്തുടങ്ങുകയാണ്‌. ലഹരി അതിന്റെ ആദ്യഘട്ടം കഴിഞ്ഞിരിക്കുന്നു. ലഹരിയെത്തിയവര്‍ പാടാന്‍ തുടങ്ങി. പാട്ടില്‍നിന്നും ഡാന്‍സിലേക്ക്‌. ഇത്‌ ആഘോഷത്തിന്റെ ദിവസമാണ്‌. പല സംഘങ്ങളായി നൃത്തം തുടരുകയായി. ഒരു കൈയില്‍ നിറച്ച മദ്യഗ്ലാസ്സുമായി ഒറ്റക്കാലില്‍ താളത്തിലാടുകയാണ്‌ ഗ്രാമം. ഞാനെന്റെ ഗ്രാമത്തിന്റെ മാറ്റം ഓര്‍ത്തെടുക്കട്ടെ.
''മാഷേ വരൂ ഇതൊക്കെയല്ലേ ജീവിതം. മരിച്ചുതീരാനുള്ളതല്ലേ നമ്മുടെ ജന്മം, വരൂ...'' ആരോ നിര്‍ബന്ധിച്ച്‌ മദ്യം നിറച്ച ഗ്ലാസ്‌ അജയന്റെ കൈയില്‍ പിടിപ്പിച്ചു.
''കഴിക്ക്‌ മാഷേ മുത്തപ്പനെ പിണക്കാതെ.''
നിറഞ്ഞ ഗ്ലാസ്സിലെ മഞ്ഞദ്രാവകത്തിലേക്ക്‌ അജയന്‍ സൂക്ഷിച്ചുനോക്കി. ഇതാണ്‌ നാടിന്റെ ഗതി നിയന്ത്രിക്കുന്നത്‌. ഉത്സവം ആഘോഷിക്കുന്നത്‌, ചടങ്ങുകള്‍ ഗംഭീരമാക്കുന്നത്‌. ജനനമരണങ്ങള്‍ക്ക്‌ പൊലിമ നല്‍കുന്നത്‌. സ്‌നേഹത്തിന്റെ ആഴം കൂട്ടുന്നത്‌. മദ്യപിക്കാത്തവന്‌ കൂട്ടുകാരില്ല. സമൂഹമില്ല.
നാടോടുകയാണ്‌. ഇതിനിടയില്‍ തരിച്ചുനില്‍ക്കണോ കൂടെ ഓടണോ..... വരും തലമുറ അജയനെ ഒരു സാമൂഹികദ്രോഹിയായി കാണുമോ? നാടിന്റെ ആഹ്ല്‌ളാദത്തില്‍ ഞാന്‍ മാത്രം പങ്കുചേരാതെ. നന്ദികേടാവില്ലേ. അരുത്‌...
പിന്നെ അജയന്‍ മടിച്ചുനിന്നില്ല. നിറഞ്ഞ ഗ്ലാസ്‌ ഒഴിയുകയും വീണ്ടും നിറയുകയും ചെയ്‌തു. ലഹരിപെയ്‌തുകയറുകയാണ്‌. അജയന്‍ മുണ്ട്‌ മാടിക്കുത്തി പണ്ട്‌ കാണാപ്പാഠം പഠിച്ച കടമ്മനിട്ട കവിത സിരകളിലൂടെ ഒഴുകിയെത്തി.
അത്‌ ആരവമായി. ആരൊക്കെയോ താളമിടുന്നു. ആര്‍ത്തുചിരിക്കുന്നു. അട്ടഹാസങ്ങള്‍. താണ്ഡവം മുറുകുകയാണ്‌.
''ശരണം മുത്തപ്പാ ശരണം.''
എന്റെ നാടിന്റെ നന്മയ്‌ക്കുവേണ്ടി ഞാന്‍ ഇത്രയെങ്കിലും ചെയ്യണ്ടേ?
സ്വസ്‌തി. മംഗളം..

No comments:

Post a Comment