Pages

Popular Posts

Tuesday, October 26, 2010

ആഘോഷിക്കാം, ‘ട്വന്‍റി20’ക്കും രണ്ടാം ഭാഗം!

   മലയാളസിനിമ ഇങ്ങനെയൊക്കെയാണ്. വിവാദങ്ങളും തമ്മില്‍ത്തല്ലും 
ആരോപണപ്രത്യാരോപണങ്ങളും ഇടമുറിയാതെ നടക്കും. അതിനിടയിലും ഒരുമയുടെ സ്വരം
ഉച്ചത്തില്‍ കേള്‍പ്പിക്കുന്ന ചില പ്രവര്‍ത്തനങ്ങള്‍.
അത്തരത്തിലൊന്നായിരുന്നു ‘ട്വന്‍റി20’ എന്ന സിനിമ. താരസംഘടനയായ
‘അമ്മ’യ്ക്കുവേണ്ടി ജനപ്രിയനായകന്‍ ദിലീപ് നിര്‍മ്മിച്ച സിനിമയില്‍
മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരന്നു. ഈ സിനിമ മറ്റുഭാഷകളില്‍
റീമേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ താരങ്ങളുടെ ‘ഈഗോ’ ക്ലാഷുകള്‍ കാരണം അവ
എങ്ങുമെത്താതെ പോയതും ചരിത്രം.

‘അമ്മ’യും ദിലീപും വീണ്ടും
ഒത്തുചേരുകയാണ്. അതേ, ട്വന്‍റി20യുടെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്‍റെ
തിരക്കഥയുടെ വണ്‍‌ലൈന്‍ ഉദയ്‌കൃഷ്ണയും സിബി കെ തോമസും
തയ്യാറാക്കിക്കഴിഞ്ഞതായി ദിലീപ് അറിയിച്ചു. ജോഷി തന്നെ സിനിമ സംവിധാനം
ചെയ്യും.

മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി, ദിലീപ്, ജയറാം,
പൃഥ്വിരാജ് എന്നിവര്‍ നായകന്‍‌മാരാകും. ആദ്യഭാഗത്തില്‍ നിന്ന്
വ്യത്യസ്തമായി പൃഥ്വിരാജിനെ ഇത്തവണ നായകനിരയിലാണ്
ഉള്‍പ്പെടുത്തിയിരിക്കുന്നത്. മലയാളത്തിലെ പ്രധാന നായികമാര്‍ ഈ
ആറുപേര്‍ക്കും നായികമാരായി എത്തും.

ഇത്തവണയും കുറ്റാന്വേഷണവും
കോമഡിയും ആക്ഷനും ഉള്‍പ്പെടുത്തിയ ത്രില്ലടിപ്പിക്കുന്ന സിനിമയ്ക്ക്
തന്നെയാണ് സിബി - ഉദയന്‍ പേന ചലിപ്പിക്കുന്നത്. 2011ല്‍ തന്നെ സിനിമ റിലീസ്
ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. താരങ്ങളുമായുള്ള കൂടിയാലോചന
ആരംഭിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ കളക്ഷന്‍റെ ഒരു ഭാഗം ‘അമ്മ’യുടെ ക്ഷേമ
പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കും.

ഈ സിനിമയുടെ
പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തന്നെ സിബി - ഉദയന്‍ ടീം സംവിധായകരാകുന്ന
‘അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍’ എന്ന ചിത്രത്തിന്‍റെ ജോലികളും
നടക്കുന്നുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും നായകന്‍‌മാരാകുന്ന ആ സിനിമ
നിര്‍മ്മിക്കുന്നത് മമ്മൂട്ടിയാണ്. 2011 ഓണത്തിനാണ് അരക്കള്ളന്‍
മുക്കാല്‍‌കള്ളന്‍ റിലീസാകുന്നത്.

No comments:

Post a Comment