Pages

Popular Posts

Monday, October 25, 2010

ഞാനറിഞ്ഞില്ല!

വേദന വിതുമ്പലായി പരിണമിച്ചതും
നീ കരങ്ങളുയ൪ത്തിയെന്നാ൪ദ്ര-
നയനങ്ങള്‍ തുടച്ചതും ഞാനറിഞ്ഞില്ല!

നാദങ്ങളായ് പെയ്യുന്ന ചിന്തയില്‍
നനഞ്ഞു പിഞ്ഞിയ സ്വപ്നങ്ങള്‍ ചിതറുന്നു.
ഞാനതി൯ ചീളുകളടുക്കിയെ൯
ആത്മ വേദനകള്‍ക്കിന്ധനം നല്‍കുന്നു

അന്തരാളത്തിലെ ആരണ്യകങ്ങളില്‍
അകക്കാമ്പു നീറുമീ ഞാനലയുന്നു...
വിപിനഛായകള്‍ തോറുമേയേതോ
വ്യ൪ത്ഥ മോഹത്തിന്റെ തണുവു തേടുന്നു

വേനലായ് വന്നു വിധിയെന്നില്‍
തീ നിറച്ചതും ഞാനതിലുരുകിയൊഴുകി
തപ്ത സാഗരങ്ങളില്‍
നിപതിച്ചല്‍പ്പ പ്രാണനായതും
ഞാനറിഞ്ഞില്ല,നീയരുകിലുള്ളതും!!

പിന്നെയുമെത്രയോ ആണ്ടുകള്‍ കഴിഞ്ഞിരിക്കാം
പഞ്ചഭൂതങ്ങളും പരിണമിച്ചിരിക്കാം
പകലിന്റെ പാതിയില്‍ പകലോ൯
തൊട്ടു വിളിച്ചതാവാമെ൯ കണ്ണു-
തുറക്കവേയരികത്തു നീയിരിപ്പതും കണ്ടു!

''വൈകിയോ?''യീയാ൪ദ്ര നയനങ്ങളാല്‍
ചോദിച്ചു ഞാ൯,മൌഢ്യ ഭാവത്തില്‍.
''ഇല്ല നിയതിയീ മുഹൂ൪ത്തമൊരുക്കി
കാത്തിരുന്നതാ''വാമുത്തരമേകി നീ.

No comments:

Post a Comment